കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ പൊലീസിൽ പരാതി

single-img
8 July 2024

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പൊലീസിൽ പരാതി. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കേരള കോൺഗ്രസ് നേതാവ് എഎച്ച് ഹാഫീസാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്.

തുടർന്ന് കമ്മീഷ്ണർ കന്റോൺമെന്റ പരാതി എസിപിയ്ക്ക് കൈമാറി. മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്.

ഈ സമയം കെ സുധാകരനൊപ്പം കാസർകോട്ടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് ‘കൂടോത്രം’ വെച്ചതെന്ന് കെ സുധാകരന്‍ പിന്നീട് പ്രതികരിച്ചിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.