പ്രമുഖ ‌കോസ്മറ്റിക് ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുമൂലം കാന്‍സര്‍ ബാധിച്ചെന്ന് യുവതിയുടെ പരാതി

single-img
22 October 2022

വാഷിങ്ടണ്‍: പ്രമുഖ ‌കോസ്മറ്റിക് ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുമൂലം കാന്‍സര്‍ ബാധിച്ചെന്ന് യുവതിയുടെ പരാതി.

ലോറിയല്‍ യുഎസ്‌എയുടെ കെമിക്കല്‍ ഹെയര്‍ സ്‌ട്രെയിറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച്‌ ഗര്‍ഭാശയ അര്‍ബുദം ബാധിച്ചെന്നാണ് ആരോപണം. കമ്ബനിക്കെതിരെ കേസ് ഫയല്‍ ചെയ്തതായി യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

20വര്‍ഷത്തോളമായി ലോറിയല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോ​ഗിച്ചതിനെതുടര്‍ന്ന് ഗര്‍ഭാശയ അര്‍ബുദം ബാധിച്ച്‌ ഗര്‍ഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നെന്ന് പരാതിക്കാരിയായ ജെന്നി മിച്ചല്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ലോറിയില്‍ കമ്ബനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെമിക്കല്‍ ഹെയര്‍ സ്‌ട്രെയ്റ്റനിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും ഗര്‍ഭാശയ കാന്‍സറും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ഒരു പഠനം നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച്‌ ദിവസങ്ങള്‍ക്കകമാണ് ഇത്തരത്തിലൊരു പരാതി ഉയരുന്നത്. വര്‍ഷത്തില്‍ നാല് തവണയിലധികം ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോ​ഗിക്കുന്ന സ്ത്രീകള്‍ക്ക് ​ഗര്‍ഭാശയ അര്‍ബുദ സാധ്യത മറ്റ് സ്ത്രീകളേക്കാള്‍ ഇരട്ടിയിലധികമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.