ബസിന് കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടതില്ല; മുഖ്യമന്ത്രിയുടെ നിർദേശം

single-img
23 November 2023

നവകേരള സദസ് യാത്രയ്ക്ക് അഭിവാദ്യം നൽകാൻ തലശ്ശേരിയിൽ സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.

പ്രത്യേക സമയത്ത് സ്കൂൾ കുട്ടികളെ ഇറക്കി നിർത്തുന്നത് ഗുണകരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വഴികളിലുടനീളം കുട്ടികളുടെ പങ്കാളിത്തം നവകേരള സദസ്സിന്റെ വിജയമായി മുഖ്യമന്ത്രി അവതരിപ്പിക്കുമ്പോഴാണ് എൽപി സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങൾ തലശ്ശേരി ചമ്പാട്ട് നിന്നും വന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ റോഡരികിൽ നിർത്തിയെന്നായിരുന്നു അധ്യാപകരുടെ വിശദീകരണം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. വിവാദമായതോടെ സ്കൂളിന് കുട്ടികളെ ഇറക്കിയുളള അഭിവാദ്യം ആവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.