യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ; ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി

single-img
24 December 2022

എല്ലാ മലയാളികൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് അദ്ദേഹം സന്ദേശത്തിലൂടെ അറിയിച്ചു.

തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശം പൂർണ്ണരൂപം വായിക്കാം:

സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം.

എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.