പൊതുഅവധി ദിവസത്തെ ശമ്പളം നിഷേധിച്ചു; പബിലെ അടുക്കളയിലേയ്ക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫ്

single-img
27 January 2023

പൊതുഅവധി ദിവസത്തെ ശമ്പളം നനിഷേധിച്ച കാരണത്താൽ ഉടമയുമായുണ്ടായ തർക്കത്തിന് പിന്നാലെ പബിലെ അടുക്കളയിലേയ്ക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫ്. ബ്രിട്ടനിലെ ലിങ്കണിലാണ് സംഭവം. 25കാരനായ ഷെഫ് ടോം വില്യംസിനെ ഇതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 11നാണ് സംഭവം നടന്നത്.

ഇയാൾ അവധിയെടുത്തതിനാൽ ശമ്പളത്തിൽ നിന്ന് 100 പൗണ്ട് (ഏകദേശം 10,000) രൂപ കുറയ്ക്കുമെന്ന് ബാർ ഉടമ പറഞ്ഞതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. തനിക്ക് ശമ്പളം കിട്ടില്ല എന്ന് ഉറപ്പായതോടെ ടോം മടങ്ങിയെങ്കിലും വീണ്ടും അടുക്കളയിലെത്തി പാറ്റയെ തുറന്നുവിടുകയായിരുന്നു.

ഇതിനെ തുടർന്ന് ഉടമ സ്ഥലം വൃത്തിയാക്കുന്നതിനായി എൻവയോൺമെന്റൽ ഹെൽത്ത് ആന്റ് പെസ്റ്റ് കൺട്രോളിനെ വിളിക്കുകയും പബ് അടയ്ക്കുകയും ചെയ്തു. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് ബാറിനുണ്ടായത്. പരാതി നൽകിയതിനെ തുടർന്ന് നവംബർ 21ന് ടോമിനോട് കോടതിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

പിന്നീട് 28ന് ഇയാൾ കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു. വിചാരണയ്ക്കിടെ കോടതിയും ഷെഫിന്റെ നടപടിയെ വിമർശിച്ചു. തുടർന്ന് പ്രതിക്ക് 17 മാസത്തെ ജയിൽ ശിക്ഷയും 200 മണിക്കൂർ ശമ്പളമില്ലാത്ത പൊതു സേവനത്തിൽ ഏർപ്പെടണമെന്നും കോടതി വിധിച്ചു.