സത്യനാഥന്റെ കൊലപാതകത്തിൽ എം സ്വരാജിനും വിജിനുമെതിരെ കേസെടുക്കണം; പരാതി നല്‍കി ബിജെപി

single-img
23 February 2024

സിപിഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. സിപിഎം നേതാവിന്റെ കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിജെപി പരാതി നല്‍കി. എം സ്വരാജിനും എം വിജിനും എതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. അതേസമയം സത്യനാഥന്റെ കൊലക്കുപയോഗിച്ച ആയുധം ഇന്ന് പൊലീസ് കണ്ടെത്തി. മൂര്‍ച്ചയുള്ള കത്തിയാണ് കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്.

കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി അഭിലാഷ് പൊലീസിന് മൊഴി നല്‍കി.