യുവതിയോട് ലൈംഗികാതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്‍റ് രാധാകൃഷ്ണനെതിരെ കേസെടുത്തു

single-img
16 February 2024

തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. അതേസമയം തനിക്കെതിരെയുള്ളത് അടിസ്ഥാന രഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.

ഫെബ്രുവരി മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു യുവതിയെ ബൈക്കിലെത്തിയ ആൾ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചു.

പോലീസിനോട് യുവതിയുമായി റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാെയെന്ന് രാധാകൃഷ്ണൻ സമ്മിതിച്ചിട്ടുണ്ട്. പക്ഷെ താൻ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. സംഭവത്തിൽ കൂടുതൽ സാഹചര്യ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.