ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവുന്നില്ല; 7000-ഓളം ലൈറ്റുകള്‍ തെളിഞ്ഞുനിൽക്കുന്ന അമേരിക്കയിലെ ഒരു സ്‌കൂള്‍

single-img
30 January 2023

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അമേരിക്കയിലെ ഒരു സ്‌കൂളിലെ 7000-ഓളം ലൈറ്റുകള്‍ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മസാച്യുസെറ്റ്സിലെ മിനചൗഗ് റീജിയണല്‍ ഹൈസ്സ്‌കൂളിലാണ് ഈ വിചിത്ര സംഭവം. ഇവിടെയുള്ള സ്മാര്‍ട്ട് ലൈറ്റുകള്‍ 2021 ഓഗസ്റ്റ് മുതല്‍ തെളിഞ്ഞു കിടക്കുകയാണ്. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ക്രാഷായതാണ് ഇത് ഓഫ് ചെയ്യാൻ സാധിക്കാതിരിക്കുന്നതിന്റെ കാരണം.

‘സ്‌കൂളിലെ ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്’ ഹാംപ്ഡന്‍-വില്‍ബ്രഹാം റീജിയണല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ അസോസിയേറ്റ് സൂപ്രണ്ട് ഓഫ് ഫിനാന്‍സ്, ആരോണ്‍ ഓസ്‌ബോണ്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

നിലവിൽ ഫ്‌ളൂറസെന്റും എല്‍ഇഡി ലൈറ്റുമാണ് സ്‌കൂളില്‍ ഉപോഗിക്കുന്നത്. ചില ഔട്ട്ഡോര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനായി, സ്റ്റാഫ് അംഗങ്ങള്‍ പ്രധാന സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബ്രേക്കറുകള്‍ ഓഫാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളിലാവട്ടെ അധ്യാപകര്‍ ക്ലാസ് റൂം ഫര്‍ണിച്ചറുകളില്‍ കയറി നിന്ന് ബള്‍ബുകള്‍ നീക്കം ചെയ്യാറുണ്ടെന്നും ഓസ്‌ബോണ്‍ പറയുന്നു.

എന്തെല്ലാം ചെയ്തിട്ടും സ്‌കൂളിന് പ്രതിമാസം ആയിരക്കണക്കിന് ഡോളറാണ് വൈദ്യുതി ബില്ലായി അടക്കേണ്ടി വരുന്നത്. അതേസമയം, സ്‌കൂളിലെ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ പാര്‍ട്ട്‌സ് ചൈനയിലെ പ്ലാന്റില്‍ നിന്ന് എത്തിയതായി റിഫ്ലെക്സ് ലൈറ്റിംഗ് ഗ്രൂപ്പിന്റെ പ്രസിഡന്റ് പോള്‍ മസ്റ്റോണ്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ പുതിയ സംവിധാനം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.