അടുക്കളയില്‍ വളർത്തിയത് കഞ്ചാവ് ചെടി; യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

single-img
15 September 2022

ഫ്‌ലാറ്റില്‍ എംഡിഎംഎയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ തൃക്കാക്കര അജന്ത അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്‌ലാറ്റിൽ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വന്ന യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍.

ഇന്‍ഫോ പാര്‍ക്കിൽ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് പിടിയിലായത്. അപര്‍ണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.

അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേക പരിപാലനങ്ങൾ നൽകിയായിരുന്നു ഇവരുടെ കഞ്ചാവ് വളര്‍ത്തല്‍. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍ഇഡി ബള്‍ബുകള്‍ പിടിപ്പിച്ചും ഏത് സമയവും ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടി ചട്ടിക്ക് താഴെയായി പ്രത്യേകം തയ്യാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് വളര്‍ത്തല്‍. നാല് മാസം പ്രായമുള്ള കഞ്ചാവു ചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്. നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ വിഭാഗമായ ഡാന്‍സാഫ് ടീമാണ് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.