വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ; മുസ്‌ലിം ലീഗിനെതിരെ കെ സുധാകരൻ

single-img
2 November 2023

പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ മുസ്ലിംലീഗ് പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ ടി നടത്തിയ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും യുഡിഎഫ് എടുത്ത ഒരു തീരുമാനം ഇവിടെയുണ്ട്. അത് എല്ലാവർക്കും ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് താല്പര്യമുണ്ടോ ഇല്ലയോ എന്നറിയില്ല. അവർക്ക് താല്പര്യമുണ്ടെങ്കിൽ അപ്പോൾ ആലോചിക്കാം. വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ. കാര്യമറിയാതെ പ്രതികരിച്ചാൽ ആപ്പിലാകുമെന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാർട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു.