15 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ കഴിയുന്നു: രാഹുൽ ഗാന്ധി

single-img
2 June 2023

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ എഫ്ഐആറിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിനായി 25 അന്തർദേശീയ മെഡലുകൾ കൊണ്ട് വന്ന പെൺകുട്ടികൾ തെരുവിൽ നീതിക്കായി യാചിക്കുകയാണ്.15 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ കഴിയുന്നുവെന്നും രാഹുൽ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ഗുസ്തിതാരമായ ഒരു പെൺകുട്ടി ഉൾപ്പെടെ 7 വനിത താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നൽകിയത്. ഫോട്ടോ എടുക്കാനെന്നെ പേരിൽ ചേർത്തുനിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്ഐആറിൽ പറയുന്നത്.

പ്രാക്ടീസ് നടത്തുന്ന താരത്തിന്റെ ജഴ്സി ഉയർത്തി ദേഹത്ത് സ്പർശിച്ചു. ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളിൽ സ്പർശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷൻ ഓഫീസിൽ വന്ന താരത്തോട് സഹോദരനെ പുറത്തുനിർത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമത്തിന് മുതിർന്നു. വരിയിൽ നിൽക്കവേ പിൻവശത്തുകൂടെ വന്ന് ബ്രിജ് ഭൂഷൺ ദേഹത്ത് സ്പർശിച്ചു.

പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സപ്പ്ളിമെന്റ്സ് നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പല വർഷങ്ങളിൽ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പൊലീസ് എഫ്ഐആറിലുള്ളത്.