ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ കെ സുരേന്ദ്രൻ


ഗവർണർ കൈക്കൊള്ളുന്ന ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ സർവീസിൽ ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചത്.
ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹർജിക്കാരൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. സമരത്തിനെത്തിയാൽ ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
ഈ കാരണങ്ങളാൽ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സംസ്ഥാന തലസ്ഥാനത്തെ രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ തീരുമാനം. സർവകലാശാലകളിൽ ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.