ഇത് കേരളമാണെന്ന് പറഞ്ഞുള്ള വിരട്ടൽ അവസാനിപ്പിക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്: കെ സുരേന്ദ്രൻ

single-img
26 January 2023

ചെമ്പഴന്തിയിൽ മുഖ്യമന്ത്രി ഇന്ന് കേന്ദ്രസർക്കാരിനും ബി ജെ പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ ഇവിടെ ഭരണം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണത്തിൽ, ഭരണഘടന അനുസരിച്ചാണോ പിണറായി വിജയൻ യു. എ. ഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയത്? ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകൾ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സർവ്വകലാശാലകളിൽ താങ്കൾ ഭരണം നടത്തുന്നത്?കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചതും സുപ്രീം കോടതിയിൽ പോയതും ഏത് ഭരണഘടന അനുസരിച്ചാണെന്നുകൂടി താങ്കൾ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സി. എ. ജി റിപ്പോർട്ട് അട്ടിമറിക്കാനും പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ തിരിയാനും ഏത് ഭരണഘടനയെയാണ് താങ്കൾ കൂട്ടുപിടിക്കുന്നത്? ഇത് കേരളമാണെന്നു പറഞ്ഞുള്ള ഈ വിരട്ടൽ താങ്കൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ കുറിച്ചു.

മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന ധാരണ അസ്ഥാനത്താണ്. പിന്നെ മതേതരത്വം എന്നുള്ളത് താങ്കൾക്കു കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ലെന്നും താങ്കളുടെ നേതൃത്വത്തിലുള്ള നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണെന്നും സുരേന്ദ്രൻ എഴുതി.