ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

single-img
27 February 2024

ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവര്‍ത്തനം സംഘടന തുടരുന്നതായി കണ്ടെത്തിയെന്ന് ഷാ പറഞ്ഞു.

‘ഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരെയുള്ള സഹിഷ്ണുതയില്ലാത്ത നയം പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവര്‍ത്തനം സംഘടന തുടരുന്നതായി കണ്ടെത്തി. 2019 ഫെബ്രുവരി 28 നാണ് സംഘടനയെ നിയമവിരുദ്ധമായ സംഘടനയായി ആദ്യം പ്രഖ്യാപിച്ചത്,” ഷാ സാമൂഹ്യ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു.രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഏതൊരാളും ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര സുരക്ഷയ്ക്കും പൊതു ക്രമത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് 2019 ല്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചിരുന്നു, കൂടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ സംഘടനയ്ക്ക് കഴിവുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

തീവ്രവാദ ഫണ്ടിംഗ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ജമാഅത്തെ ഇസ്ലാമിയുടെ കശ്മീര്‍ ഘകത്തിന്റെ താവളങ്ങളില്‍ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം. ശ്രീനഗര്‍, ജമ്മു, ബുഡ്ഗാം, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ജമാഅത്തിന്റെയും അനുബന്ധ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും 20 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിരുന്നു.2022 ഡിസംബറില്‍ ജമ്മു കശ്മീര്‍ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്‌ഐഎ) കശ്മീര്‍ താഴ്വരയിലെ നാല് ജില്ലകളിലായി ജമാഅത്തിന്റെ 100 കോടി രൂപയുടെ നിരവധി സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.