ബഹ്‌റൈൻ മെട്രോ യാഥാർത്ഥ്യമാകുന്നു ; ആദ്യഘട്ട ടെൻഡർ ഉടൻ പ്രഖ്യാപിക്കും

ബഹ്‌റൈനിലെ നിവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോ റെയിൽ പദ്ധതി വേഗത്തിൽ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള ടെൻഡർ ഉടൻ പ്രഖ്യാപിക്കുമെന്ന് ഗതാഗത–ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹ്‌മദ് ആൽ ഖലീഫ അറിയിച്ചു.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സീഫ് മേഖലയിലേക്കുള്ള 29 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ആദ്യഘട്ടത്തിൽ നിര്‍മിക്കുന്നത്. രണ്ട് ലൈനുകളിലായി ഇരുപത് സ്റ്റേഷനുകൾ ഇതിൽ ഉള്‍പ്പെടും എന്നും മന്ത്രി വിശദീകരിച്ചു.
മെട്രോയുടെ ആദ്യഘട്ട റൂട്ടിന്റെ രൂപകൽപ്പന പൂർത്തിയായതായി റിപ്പോർട്ട്. ആദ്യ ലൈൻ വിമാനത്താവളം–സീഫ് മേഖല ബന്ധിപ്പിക്കുമ്പോൾ, രണ്ടാമത്തെ ലൈൻ ജുഫൈർ, ഡിപ്ലോമാറ്റിക് ഏരിയ, സൽമാനിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് ഈസ ടൗണിലെ വിദ്യാഭ്യാസ മേഖലയിലാണ് അവസാനിക്കുക. ടെൻഡർ പുറപ്പെടുവിച്ചതിന് ശേഷമുള്ള ഘട്ടത്തിൽ അന്താരാഷ്ട്ര കൺസോർഷ്യങ്ങളുമായി കൂടുതൽ ചർച്ചകൾ നടത്തുകയും അന്തിമ ടെൻഡർ നൽകുന്നതിന് മുൻപ് കൂടുതൽ താൽപര്യപത്രങ്ങൾ (EOI) ക്ഷണിക്കുകയും ചെയ്യുമെന്ന് മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹ്‌മദ് ആൽ ഖലീഫ കൂട്ടിച്ചേർത്തു.


