ആതിഷി മാർലേന; ആക്ടിവിസ്റ്റിൽ നിന്നും ഡൽഹി മുഖ്യമന്ത്രി പദവിയിലേക്കുള്ള യാത്ര

single-img
19 September 2024

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേനയെ തിരഞ്ഞെടുക്കാനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കം തന്ത്രപരമായ രാഷ്ട്രീയ ചുവടുവെയ്പ്പാണ്. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന നേതാക്കളെ മുന്നിൽ നി‍ർത്തിയാവും എഎപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കൂടിയാണ് ഇതിലൂടെ കെജ്‌രിവാൾ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കേന്ദ്രീകരിച്ച് അഴിമതി മുഖ്യവിഷയമായി ഉയ‍ർത്തി വരാനിരിക്കുന്ന ഡ‍ൽഹി തിരഞ്ഞെടുപ്പ് നേരിടാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ കൂടിയാണ് പൊളിഞ്ഞിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറി നിൽക്കാനും അതിഷിയെ മുന്നിൽ നിർത്താനുമുള്ള കെജ്‌രിവാളിൻ്റെതന്ത്രപരമായ നീക്കത്തിന് ഒരേ സമയം ബഹുമുഖമായ മൂ‍ർച്ചയാണുള്ളത്. അതിഷിയുടെ രാഷ്ട്രീയ പ്രതിച്ഛായ തന്നെയാണ് അതിൽ പ്രധാനം.

ഡൽഹിയിലെ നഗരകേന്ദ്രീകൃത മിഡിൽക്ലാസ് രാഷ്ട്രീയ ബോധ്യങ്ങൾക്ക് ഇണങ്ങുന്ന ഒരു രാഷ്ട്രീയ പ്രതിച്ഛായ അതിഷി രൂപപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റം ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ദൈനംദിന ജീവിത പ്രതിസന്ധികൾ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ ഇടയുള്ള സാഹചര്യത്തിൽ വനിതാ വോട്ടർമാരെ സ്വാധീനിക്കുക എന്നതും അതിഷിയെ മുന്നിൽ നി‍‌ർത്താനുള്ള നീക്കത്തിന് പിന്നിലുണ്ട്.

എന്തൊക്കെയാണെങ്കിലും ആം ആദ്മിയിൽ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും ശേഷം ആരെന്ന ചോദ്യത്തിന് കൂടിയാണ് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത്. തൻ്റെ പിൻ​ഗാമിയായി അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് അതിഷിയുടെ പേര് നി‍ർദ്ദേശിച്ചതെന്നത് പരി​ഗണിക്കുമ്പോൾ ഈ നീക്കത്തിന് വലിയ പ്രധാന്യം കൽപ്പിക്കപ്പെടുന്നുണ്ട്.

ഡൽഹിയുടെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തുന്ന മൂന്നാമത്തെ വനിതയെന്ന വിശേഷണവും അ‍തിഷിയ്ക്കുണ്ട്. മുൻപ് കോൺ​ഗ്രസിൻ്റെ ഷീലാ ദീക്ഷിത് 15 വർഷവും 25 ദിവസവും ഡൽഹി മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലയളവ് ഡൽഹി മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയെന്ന റിക്കോർ‌ഡും ഷീല ദീക്ഷിതിനാണ്.

അതേസമയം, ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത എന്ന ഖ്യാതി സുഷമ സ്വരാജിനാണ്. സുഷമ സ്വരാജ് മുഖ്യമന്ത്രി പദവിയിലേയ്ക്ക് വന്നതിന് സമാനമാണ് ഇപ്പോൾ അതിഷിയുടെ സ്ഥാനാരോഹണവും. 1993ൽ ഡൽഹി നിയമസഭയിലേയ്ക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നിരുന്നു. എന്നാൽ മദൻലാൽ ഖുറാനയെയും സാഹിബ് സിങ്ങ് വെർമയെയും കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റിയ ബിജെപി, സർക്കാരിൻ്റെ അവസാന ദിവസങ്ങളിലാണ് സുഷമ സ്വരാജിനെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കൊണ്ടുവരുന്നത്.

വെറും 52 ദിവസം മാത്രം മുഖ്യമന്ത്രി പദവിയിലിരുന്ന സുഷമയ്ക്ക് ഒരിക്കൽ കൂടി ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ല. നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാതെയായിരുന്നു 52 ദിവസം സുഷമ മുഖ്യമന്ത്രി പദവയിലിരുന്നത്. ഷീലാ ദീക്ഷിതിൻ്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.

വീണ്ടും ഡൽഹി ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ മറ്റൊരു വനിതയെ അധികാരത്തുടർച്ച മുൻനിർത്തി ഭരണകക്ഷിയായ എഎപി രം​ഗത്തിറക്കിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു അതിഷിയുടെ മുഖ്യമന്ത്രിപദം. ഡൽഹി മദ്യനയക്കേസ് ഉയർന്ന് വരികയും മനീഷ് സിസോദിയ അറസ്റ്റിലാവുകയും ചെയ്തതിന് ശേഷം രാഷ്ട്രീയ ഇടങ്ങളിൽ ഉയർന്നു വന്ന പേരായിരുന്നു അതിഷി മർലേന സിങ്ങ് എന്നത്.

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതോടെ ദുർബലപ്പെട്ട് പോയ എഎപി നേതൃത്വത്തിൻ്റെ പോരാട്ട മുഖമായി അതിഷി മാറുന്ന കാഴ്ചയും രാജ്യം കണ്ടിരുന്നു. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന റിപ്പോ‍ർട്ടുകൾ ഉണ്ടായിരുന്നു. കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ, ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്‌, സൗരഭ് ഭരദ്വാജ് തുടങ്ങിയ പേരുകളായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേട്ടത്.

ഒടുവിൽ ഇവരെയെല്ലാം പിന്തള്ളിയാണ് കെജ്‌രിവാൾ അതിഷിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു രാഷ്ട്രീയത്തിലേയ്ക്കുള്ള അതിഷിയുടെ കടന്ന് വരവ്. അതിലും അപ്രതീക്ഷിതമായിരുന്നു ആം ആദ്മി പാർട്ടിയുടെ നേതൃനിരയിലേയ്ക്കുള്ള അവരുടെ ഉയർച്ച. 2013ൽ എഎപിയുടെ ഭാ​ഗമാകുന്നതിന് മുമ്പ് ഏഴ് വ‍ർ‌ഷത്തോളം മധ്യപ്രദേശിൽ ചെലവഴിച്ച ​ഗ്രാമീണ ജീവിതമായിരുന്നു അതിഷിയുടെ പൊതുജീവിതത്തെ പരുവപ്പെടുത്തിയത്. അവിടെ ജൈവകൃഷിയിലും പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ട അതിഷി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാ​ഗമായാണ് പ്രവർത്തിച്ചത്.

ഈ ഘട്ടത്തിലാണ് എഎപി സൗഹൃദങ്ങളുടെ ഭാ​ഗമായി അവർ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് എത്തുന്നത്. ആം ആദ്മി പാർട്ടിയുടെ രൂപീകരണ സമയത്ത് തന്നെ അവർ പാർട്ടിയിൽ അം​ഗമായി. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ മാനിഫെസ്റ്റോ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പ്രധാന അംഗമായി അതിഷി മാറി. രൂപീകരണവേളയിൽ ആം ആദ്മി പാർട്ടിയുടെ നയരൂപീകരണത്തിലും അവർ പ്രധാന പങ്കുവഹിച്ചു. 2015ൽ, മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ ജലസത്യാഗ്രഹത്തിൽ പങ്കെടുത്തത് അതിഷിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായി. സമരത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിലും നിയമപോരാട്ടങ്ങളിലും ആം ആദ്മി നേതാവും പ്രവർത്തകനുമായ അലോക് അഗർവാളിനെ പിന്തുണച്ച് അതിഷി ഒപ്പം നിന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു അതിഷിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം. കിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ ഗൗതം ഗംഭീറിനോട് 4.5 ലക്ഷത്തിലധികം വോട്ടുകൾക്ക് അതിഷി പരാജയപ്പെട്ടു. പിന്നീട് 2020 ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ‌ ദക്ഷിണ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്ന് അതിഷി തിരഞ്ഞെടുക്കപ്പെട്ടു.

മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെ 2023 മാർച്ച് ഒൻപതിന് അഷിതി കെജ്‌രിവാൾ മന്ത്രിസഭയിൽ അം​ഗമായി. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ യഥാക്രമം തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നായിരുന്നു അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിമാരായി സ്ഥാനമേറ്റെടുത്തത്.

ഭരദ്വാജിന് ആരോഗ്യം, നഗരവികസനം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതല നൽകിയപ്പോൾ അതിഷി 14 വകുപ്പുകളുടെ ചുമതലയാണ് ഏറ്റെടുത്തത്. വിദ്യാഭ്യാസം, ധനകാര്യം, പി.ഡബ്ല്യു.ഡി, സാംസ്കാരികം, ടൂറിസം, വിജിലൻസ്, സാംസ്കാരികം, കല തുടങ്ങിയ സുപ്രാധാന വകുപ്പുകളുടെ ചുമതലയായിരുന്നു അതിഷിയ്ക്ക് ഏൽപ്പിച്ച് നൽകിയത്. 2015-2018 വരെ മനീഷ് സിസോദിയയുടെ ഉപദേശകയായും അതിഷി സേവനമനുഷ്ഠിച്ചിരുന്നു. ആം ആദ്മി സ‍ർക്കാരിൻ്റെ മികവിൻ്റെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലായിരുന്നു പ്രധാനമായും ഇക്കാലയളവിൽ അതിഷി ഇടപെട്ടിരുന്നത്.

പ്രൊഫസർ ദമ്പതികളായ വിജയ് സിംഗ്, ത്രിപ്ത വാഹി എന്നിവരുടെ മകളായി 1981 ജൂൺ എട്ടിനായിരുന്നു അതിഷിയുടെ ജനനം. ന്യൂ ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിലാ (പുസ റോഡ്)യിരുന്നു അതിഷിയുടെ സ്കൂൾ വിദ്യാഭ്യാസം. 2001-ൽ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും ചേർന്ന അതിഷി അവിടെ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.