ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ വീണ്ടും വീണ്ടും കള്ളവാർത്തകൾ ഉണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്: എഎ റഹിം

single-img
6 March 2023

വ്യാജ വാർത്താ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പിനെതിരെ പ്രതികരണവുമായി എ എ റഹിം എംപി. ലഹരിമാഫിയയ്ക്ക് എതിരായ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് എതിരായാണ് അന്വഷണം”എന്നാണ് പുറത്തിറക്കിയ ന്യായീകരണ കുറിപ്പിൽ പറയുന്നത്.
അങ്ങനെയാണോ യാഥാർത്ഥ്യമെന്ന് ചോദിച്ച റഹിം, കോഴിക്കോട് വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തമായി പറയുന്നുണ്ട്,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ചു വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസെന്ന് വ്യക്തമാക്കുന്നു.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം, കുറിപ്പിൽ, ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് പറയാനുള്ള സാമാന്യ മര്യാദ കാണിക്കുന്നതിന് പകരം ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ വീണ്ടും വീണ്ടും കള്ളവാർത്തകൾ ഉണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഇന്നലെ രാത്രിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പ് ശ്രദ്ധയിൽപെട്ടത്. “ലഹരിമാഫിയയ്ക്ക് എതിരായ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് എതിരായാണ് അന്വഷണം”എന്നാണ് പുറത്തിറക്കിയ ന്യായീകരണ കുറിപ്പിൽ പറയുന്നത്. അങ്ങനെയാണോ യാഥാർത്ഥ്യം ?

കോഴിക്കോട് വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തമായി പറയുന്നുണ്ട്,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ചു വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസെന്ന്. ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് ഇതിനായി ഉപയോഗിച്ചെന്നാണ് പരാതി .ആ ജീവനക്കാരിയും ഈ കേസിലെ പ്രതിയാണ്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉണ്ട്.

ന്യായീകരണ കുറിപ്പിൽ മാത്രമല്ല,അവരുടെ ചാനൽ വഴിയും പറയാൻ ശ്രമിക്കുന്നത് ഒരൊറ്റ കള്ളമാണ്.. ലഹരി മാഫിയയെ തൊട്ടപ്പോൾ സർക്കാരിന് പൊള്ളുന്നു എന്നാണ്. ലഹരി മാഫിയയ്‌ക്കെതിരായ വാർത്ത ഏഷ്യനെറ്റ് മാത്രമല്ല നൽകാറുള്ളത്. മയക്കുമരുന്നിനെതിരായ നിരവധി അന്വേഷണാത്മക സ്റ്റോറികൾ മറ്റെല്ലാ മാധ്യമങ്ങളും നൽകിവരുന്നുണ്ട്.അവരൊന്നും പോക്സോ കേസിൽ പ്രതിയായില്ലല്ലോ?
ഏഷ്യാനെറ്റ് തന്നെ ഇതിനു മുൻപും എത്രയോ വാർത്തകൾ മയക്ക് മരുന്നിനെതിരെ നൽകിയിട്ടുണ്ട് അപ്പോഴൊക്കെയും ഏഷ്യാനെറ്റിലെ ആരും പ്രതിയായിട്ടില്ല.

ഇതെന്താണ് നടന്നതെന്ന് കേരളത്തിന് പകൽ പോലെ വ്യക്തമാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഒരു വ്യാജ വാർത്ത ഉണ്ടാക്കുന്നു.അവർ തന്നെ സംപ്രേക്ഷണം ചെയ്ത ഒരു പഴയ വാർത്തയുടെ ശബ്ദം ഉപയോഗിച്ചു ഒരു പെൺ കുഞ്ഞിനെ ഉപയോഗിച്ചു വ്യാജ വർത്തയുണ്ടാക്കി റേറ്റിങ്‌ കൂട്ടാൻ ശ്രമിക്കുന്നു.
അതിനാണ് കേസ്.

മാതൃകയാകേണ്ട ഒരു മാധ്യമ സ്ഥാപനം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറ്റകൃത്യത്തിനാണ് പോക്സോ കേസിൽ ആ കുറ്റം ചെയ്തവർ പ്രതികളായത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് പറയാനുള്ള സാമാന്യ മര്യാദ കാണിക്കുന്നതിന് പകരം ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ വീണ്ടും വീണ്ടും കള്ളവാർത്തകൾ ഉണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

ഈ ക്രിമിനൽ മാനസിക വൈകൃതം മലയാളി അംഗീകരിക്കും എന്നാണോ ഏഷ്യാനെറ്റ് കരുതുന്നത് ?മലയാളികൾ ആകെ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു വിഭാഗത്തെ ബാധിച്ച ഈ ക്രിമിനൽ മാനസിക അവസ്ഥയുള്ളവരാണെന്ന് കരുതണ്ട. ഒരു പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്.