സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ് മത്സരിക്കും; അൻവർ സാദത്ത്​ സ്പീക്കർ സ്ഥാനാർഥി

single-img
8 September 2022

സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആ​ലു​വ എം.​എ​ൽ.​എ അ​ൻ​വ​ർ സാ​ദ​ത്ത് യു.​ഡി.​എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി​ മത്സരിക്കും. യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ ​നേ​താ​വ്​ വി.​ഡി. സ​തീ​ശനാണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പിൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നുള്ള മുന്നണി​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചത്.

ഈ മാസം 12 നാണു സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫിന്​ അ​നാ​യാ​സ വി​ജ​യം ഉ​റ​പ്പു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​എ​ൻ. ഷം​സീ​റി​നെ​യാ​ണ്​ സി.​പി.​എം സ്ഥാനാർഥി. ഈ മാസം 11 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

2011ൽ ആലുവ മണ്ഡലത്തിൽ സി.പി.എമ്മിലെ എ.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് അൻവർ സാദത്ത് കന്നി വിജയം നേടി നിയമസഭയിലെത്തിയത്. 2016ൽ സിറ്റിങ് സീറ്റിൽ വിജയം ആവർത്തിച്ചു. അഡ്വ. വി. സലീമിനെ 18,835 വോട്ടിന് പരാജയപ്പെടുത്തി.

2021ൽ ഇടത് സ്ഥാനാർഥി ഷെൽന നിഷാദിനെ 18,886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ച് അൻവർ സാദത്ത് ഹാട്രിക് വിജയം നേടി.