ദൃശ്യം 3; വിശേഷങ്ങൾ പങ്കുവെച്ച് അൻസിബ ഹസ്സനും എസ്തർ അനിലും

‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി അടുത്തിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടിമാരായ അൻസിബ ഹസ്സനും എസ്തർ അനിലും. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഈ മാസം 21-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെപ്പോലെ തന്നെ വലിയ ആകാംക്ഷയോടെയാണ് തങ്ങളും ചിത്രത്തിനായി കാത്തിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
ദൃശ്യം രണ്ടാമത്തെ ഭാഗം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒടിടിയിൽ റിലീസ് ചെയ്യേണ്ടി വന്നതിന്റെ വിഷമം ഇരുവരും പങ്കുവെച്ചു. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം തിയേറ്ററിലെ ഓളത്തിൽ കാണാൻ കഴിയാഞ്ഞത് വലിയൊരു നഷ്ടമായിരുന്നുവെന്ന് അൻസിബ ഓർത്തെടുത്തു. എന്നാൽ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തുന്നതോടെ ആ പഴയ ആവേശം തിരികെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുവരും.
ജീത്തു ജോസഫ് എന്ന സംവിധായകൻ ഇത്തവണയും തന്റെ മാജിക് സ്ക്രിപ്റ്റിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്ന് എസ്തർ പറയുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലും ജോർജുകുട്ടിയുടെ കുടുംബത്തിനുണ്ടായ പ്രതിസന്ധികൾ ഒരു വൈകാരിക കുടുംബചിത്രം എന്ന നിലയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. മൂന്നാം ഭാഗത്തിലും ഇമോഷന് വലിയ പ്രാധാന്യമുണ്ടെന്നും സംവിധായകൻ എന്താണ് ഇത്തവണ കരുതിവെച്ചിരിക്കുന്നതെന്ന് കാണാൻ തനിക്കും ആകാംക്ഷയുണ്ടെന്നും എസ്തർ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളോടുള്ള ആദരവും സ്നേഹവും ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കി. ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ കണ്ടുപഠിക്കേണ്ട വ്യക്തിയാണെന്ന് എസ്തർ പറഞ്ഞു. സെറ്റിലെ അദ്ദേഹത്തിന്റെ എളിമയും പെരുമാറ്റവും മാതൃകാപരമാണ്. താൻ നന്നായി ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരും നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ലാലേട്ടനെന്ന് അൻസിബയും സാക്ഷ്യപ്പെടുത്തി.


