അമിതാഭ് ബച്ചന്റെ ചിത്രം, പേര്, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയില്ല: ഡൽഹി ഹൈക്കോടതി

single-img
25 November 2022

അമിതാഭ് ബച്ചന്റെ മുൻ‌കൂർ അനുമതിയില്ലാതെ ചിത്രം, പേര്, ശബ്ദം എന്നിവ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രതിച്ഛായയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

അമിതാഭ് ബച്ചന്റെ പേര് മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പർമാർ ഉപയോഗിച്ച് അനധികൃതമായി ലോട്ടറി നടത്തുകയും, ചിലർ ചിത്രമുള്ള ടീ-ഷർട്ടുകൾ വിൽക്കുകയും ചെയ്തതിനു പിന്നാലെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

“ഹരജിക്കാരന് നികത്താനാവാത്ത നഷ്ടവും ദോഷവും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില പ്രവർത്തനങ്ങൾ അദ്ദേഹത്തിന് അപകീർത്തി പോലും ഉണ്ടാക്കിയേക്കാം. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, ഒരു എക്‌സ് പാർട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു” ഡൽഹി ഹൈക്കോടതി ജസ്റ്റിസ് നവിൻ ചൗള പറഞ്ഞു. ഹരജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വമാണ്. പ്രതികൾ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുവാദമോ അംഗീകാരമോ ഇല്ലാതെ ഉപയോഗിച്ച് സ്വന്തം സാധനങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുകയാണ് എന്നും ജസ്റ്റിസ് ചൗള കൂട്ടിച്ചേർത്തു.