അനധികൃത കെട്ടിടം പൊളിക്കുന്നത് സംഭവത്തില്‍ എംഎല്‍എയുടെ ചോദ്യം ചെയ്യലിനിടെചിരിച്ച എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എംഎല്‍എ

single-img
21 June 2023

താനെ: മഹാരാഷ്ട്രയിൽ പൊതുസ്ഥലത്ത് വച്ച് എന്‍ജിനീയറുടെ മുഖത്തടിച്ച് വനിത എംഎൽഎ. അനധികൃത കെട്ടിടം പൊളിക്കുന്നത് സംഭവത്തില്‍ എംഎല്‍എയുടെ ചോദ്യം ചെയ്യലിനിടെയാണ് കയ്യേറ്റം.  മഴക്കാലത്ത് കുടുംബങ്ങളെ തെരുവിലിറക്കി കെട്ടിടം പൊളിക്കുന്നത് എംഎല്‍എ ചോദ്യം ചെയ്തപ്പോൾ എഞ്ചിനീയർ ചിരിച്ചതാണ്  പ്രകോപനത്തിന് കാരണമായത്. താനെ എംഎല്‍എ ഗീത ജെയിനാണ് ജൂനിയര്‍ സിവില്‍ എന്‍ജിനിയറെ മുഖത്തടിച്ചത്. മിര ഭയണ്ടാര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍ക്കാണ് വനിതാ എംഎല്‍എയില്‍ നിന്ന് അടിയേറ്റത്.  

മഴക്കാലത്തിന് മുന്നോടിയായി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുന്‍സിപ്പാലിറ്റിയുടെ ഡ്രൈവിനിടെ കാശിമിരയിലെ പെന്‍കാര്‍പാടയിലാണ് സംഭവം. എംഎല്‍എയുടെ അതിക്രമത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് എന്‍ജിനിയര്‍മാരോട് എംഎല്‍എ കയര്‍ക്കുന്നത് വ്യക്തമാണ്. പിന്നാലെ ഇതിലൊരാളുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് മുഖത്തടിക്കുന്നതും കാണാം. പൊളിച്ച് നീക്കലിനിടെ തെരുവിലായ സ്ത്രീകളുടെ ബുദ്ധിമുട്ട് കണ്ട് എന്‍ജിനിയര്‍ പരിഹസിച്ച് ചിരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് എംഎല്‍എയുടെ വിശദീകരണം. 

ആള്‍താമസമുള്ള കെട്ടിടങ്ങള്‍ മഴക്കാലത്ത് ഒഴിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ധാരണയുള്ളപ്പോഴാണ് നടപടിയെന്നും എംഎല്‍എ ആരോപിക്കുന്നു. നിരാലംബയായ യുവതിക്കും കുട്ടികള്‍ക്കും നേരെയുണ്ടായ പരിഹാസം സഹിക്കാനാവാതെയാണ് കടുകൈ ചെയ്തതെന്നും എംഎല്‍എ ദേശീയമാധ്യമങ്ങളോട് വിശദീകരിച്ചു. അനധികൃതമായി നിര്‍മ്മിച്ച ഭാഗം മാത്രം പൊളിക്കാതെ മുന്‍സിപ്പാലിറ്റിക്കാര്‍ കെട്ടിടം മുഴുവന്‍ പൊളിച്ചതായും എംഎല്‍എ ആരോപിക്കുന്നു. 15 ദിവസം മുന്‍പ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് മുന്‍സിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും എംഎല്‍എ പറയുന്നു. നപടിയില്‍ കുറ്റബോധമില്ലെന്നും തുടര്‍ന്നുണ്ടാവുന്ന അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും എംഎല്‍എ വ്യക്തമാക്കി.