തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾക്ക് പ്രത്യേക കേന്ദ്രം വേണം ; ഗവർണറുടെ നിർദേശം

single-img
10 January 2026

തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക സമരകേന്ദ്രം വേണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർദേശിച്ചു. ലോക്ഭവനിൽ കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകിയ ചായ സത്കാരത്തിനിടെയാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്.

സെക്രട്ടറിയേറ്റിലോ ലോക്ഭവനിലോ സമരങ്ങൾ നടന്നാൽ നഗരം നിശ്ചലമാകുന്ന സാഹചര്യം ഉണ്ടാകുന്നതായും ഗവർണർ പറഞ്ഞു. നഗരസഭ മുൻകൈ എടുത്താൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് പദ്ധതിയുടെ ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ കൗൺസിലർമാരോട് പറഞ്ഞു. കൗൺസിലർമാർ പ്രോ​ഗ്രസ് റിപ്പോർട്ട് തയാറാക്കണമെന്നും ​ഗവർണർ നിർദേശിച്ചു. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.