എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡിജിപിയ്ക്ക് പരാതി

single-img
18 June 2023

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായി നടത്തിയ പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ ഡിജിപിക്ക് പരാതി. പോക്സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദൻ മാസ്റ്റർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.

പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. കേസില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു. നേരത്തെ മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ കെ സുധാകരനെതിരെ എം.വി ഗോവിന്ദന്‍ മാസ്റ്റർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മോന്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോക്സോ കേസില്‍ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദൻ മാസ്റ്ററുടെ ആരോപണം.