തുലാവ‍ർഷം കനത്തു; രാത്രി മഴ ശക്തമാകും

single-img
31 October 2022

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. തലസ്ഥാന ജില്ലയിലാണ് വൈകിട്ടോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ‍ർഷം കൂടുതൽ ഭീഷണി ഉയർത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെത്തെ ജാഗ്രത നിർദ്ദേശം.

ഇന്ന് രാത്രി മഴ ശക്തമാകുമെന്നാണ് സൂചന. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു