10 ബിജെപി എംപിമാർ രാജിവച്ചു; വരുന്നത് കേന്ദ്ര മന്ത്രിസഭാ പുനസംഘടന

single-img
6 December 2023

10 ബി.ജെ.പി. പാർലമെന്റ് അംഗങ്ങൾ രാജിവച്ചു. ലോക്‌സഭയിൽ നിന്നുള്ള 9 എംപിമാരും രാജ്യസഭയിൽ നിന്ന് ഒരു എംപിയും രാജി സമർപ്പിച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ച രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള എംപിമാരാണ് രാജിവെച്ചത്. ഉടൻതന്നെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കും എന്നാണ് ഇതിൽ നിന്നും വിലയിരുത്തപ്പെടുന്നത്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ, മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പഥക്, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ്, രാജസ്ഥാനിൽ നിന്നുള്ള എംപിമാരായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, അരുൺ സാവോ, ഛത്തീസ്ഗഡിൽ നിന്നുള്ള ഗോമതി സായി എന്നിവർ സ്പീക്കർ ഓം ബിർളയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജ്യസഭാ എംപി കിരോരി ലാൽ മീണ രാജ്യസഭാ അധ്യക്ഷന് രാജിക്കത്ത് സമർപ്പിച്ചു.

ഇത്തവണ 12 ബിജെപി എംപിമാർ വിവിധ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു . ലോക്‌സഭാ എംപിമാരായ ബാബാ ബാലക്‌നാഥും രേണുക സിംഗും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇവർ ഉടൻ രാജിക്കത്ത് നൽകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും നിർദേശപ്രകാരം എംപിമാർ സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് സമർപ്പിച്ചു. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും എംപിമാർക്കൊപ്പമുണ്ടായിരുന്നു.