വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണം: ഫാ.യൂജിൻ പെരേര

single-img
2 December 2022

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സമരസമിതി നേതാവ് ഫാ.യൂജിൻ പെരേര. മാത്രമല്ല കേന്ദ്രസേനയെ വിളിക്കണമെന്ന് പറയുമ്പോള്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കേരള പോലീസ് പരാജയപ്പെട്ടുവെന്ന് അവര്‍ സമ്മതിക്കുകയാണെന്നൂം അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയിലുടെ നടന്നുപോയ രണ്ട് യുവാക്കളെ ഷാഡോ പോലീസ് പിടിച്ചുകൊണ്ടുപോയി. സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് ഒരാള്‍ ജനപ്രതിനിധിയാണെന്ന് അറിയുന്നത്. ഒരാളെ കസ്റ്റഡിയില്‍ വയ്ക്കണമെന്ന് പോലീസ് നിര്‍ബന്ധം പിടിച്ചു. 307 പ്രകാരം പോലീസ് കേസെടുത്തവരില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. അയാളെ ജാമ്യത്തില്‍ വിടാമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞുവെങ്കിലും എവിടെനിന്നോ വന്ന നിര്‍ദേശം മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിലുണ്ടായ മത്സ്യത്തൊഴിലാളികളുടെ സ്വഭാവിക പ്രതികരണമാണ് അന്ന് ഉണ്ടായ അക്രമമങ്ങൾ- ഫാ.യൂജിൻ പെരേര പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ അടിച്ചൊതുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പൊതുമധ്യത്തിൽ പറഞ്ഞിരുന്നു. മത്സ്യബന്ധനവകുപ്പ് മന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്തത് രാജ്യദ്രോഹികളെന്നായിരുന്നു. രാജ്യദ്രോഹികളെന്ന് വെറുതേ മാനത്തുനോക്കി പറയുന്നതാണോ? മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖംതിരിഞ്ഞുനിൽക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു