ലോകകപ്പ് ഫൈനൽ ; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്.മത്സരം ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുകയും പുലർച്ചെ വരെ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
ലോകകപ്പ് ഫൈനൽ മത്സരം കാരണം വിദ്യാർത്ഥികൾക്ക് രാത്രി വൈകിയും ഉറക്കമൊഴിഞ്ഞ് ഉണർന്നിരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ അവസ്ഥയിൽ തിങ്കളാഴ്ച സ്കൂളിൽ പോയാൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നു.ആയതിനാൽ വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനത്തിലെ ശ്രദ്ധയും പൂർണ്ണമായി പരിഗണിച്ചുകൊണ്ട് തിങ്കളാഴ്ച അവധി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
അതേസമയം, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം. വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു.
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ.


