ജയമോഹൻ തുപ്പിയ വാക്കുകൾ വർഗ്ഗീയതയും വിദ്വേഷവും നിറഞ്ഞതാണ്: സംവിധായകൻ ലെനിൻ ഭാരതി

single-img
10 March 2024

സോഷ്യൽ മീഡിയയിൽ തന്റെ ബ്ലോഗിലൂടെ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമയുടെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയ തമിഴിലെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ വിമർശനങ്ങൾ കടുക്കുന്നു.

ഈ കൂട്ടത്തിൽ ഇപ്പോൾ ജയമോഹനെതിരെ തമിഴ് സംവിധായകൻ ലെനിൻ ഭാരതി രംഗത്തുവന്നിരിക്കുകയാണ്. ജയമോഹന്റെ തലച്ചോറ് ദുഷിച്ച അവസ്ഥയിലാണെന്നാണ് ലെനിൻ ഭാരതി പറഞ്ഞത് . “ജയമോഹന്റെ തലച്ചോറ് മുഴുവൻ ദുഷിച്ച അവസ്ഥയിലാണ്. അതിനാലാണ് ‘കേരളത്തിലെ കുടിയന്മാർ’ ‘മലയാളം കുടിയന്മാർ’ പോലെ വികൃതമായ വാക്കുകൾ ഉപയോഗിച്ചത്. ജയമോഹൻ തുപ്പിയ വാക്കുകൾ വർഗ്ഗീയതയും വിദ്വേഷവും നിറഞ്ഞതാണ്.” – ലെനിൻ ഭാരതി എക്സിൽ എഴുതി.

“മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്.

പത്ത് വര്‍ഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകള്‍ കേരളത്തില്‍ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവല്‍കരിച്ചിരുന്നു.” എന്നും ജയമോഹൻ തന്റെ ബ്ലോഗിൽ എഴുതിയിരുന്നു.