വാട്സ്ആപ്പ് മെസേജുകൾ സത്യമാകുന്ന സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ്

single-img
22 November 2022

കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജൻ്റെ വീട്ടിൽ വാട്സാപ്പിൽ വരുന്ന മെസേജുകൾ നേരിട്ട് കണ്മുൻപിൽ ആവർത്തിക്കപ്പെടുന്ന വാർത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന രാജൻ്റെ വീട്ടിൽ മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നതായാണ് പരാതി ഉയർന്നത്.

ഇതുമായി ബന്ധപ്പെട്ട് സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവങ്ങൾക്കു പിന്നിൽ രാജൻ്റെ മകൾ സജിതയുടെ ഭർത്താവാണെന്ന വാർത്തകൾ പുറത്തു വരികയാണ് . ഐടി ടെക്നീഷ്യൻ കൂടിയായ ഇയാൾ വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന സൂചനകൾ.

ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കാര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയരുന്നുണ്ട്.

യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. വാട്സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശമാധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി വ്യക്തമാക്കി.

ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സെെബർ സെല്ലും വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസമായി വിചിത്ര സംഭവങ്ങൾ വീട്ടിൽ നടക്കുന്നുവെന്നാണ് ആരോപണം. രാജൻ്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങിയെന്നും രാജൻ പറയുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തൻ്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുയാണെന്നും രാജൻ വ്യക്തമാക്കിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രാജൻ വ്യക്തമാക്കിയിരുന്നു.

വെെദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കതതി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിംഗ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നതും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകുകയാണ് പതിവെന്നും രാജൻ പറയുന്നു. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് മെസേജ് വന്നതിനു പിന്നാലെ അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് പതിവായതോടെ വീട്ടുകാർ ഭയപ്പാടിലാകുകയായിരുന്നു. അതിനിടയിലാണ് ഇതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് സൂചനകൾ പുറത്തു വരുന്നതും.