അർജന്റീനയുടെ വിജയത്തിന് പിന്നിൽ ഞങ്ങൾ; അവകാശവാദവുമായി മന്ത്രവാദിനിയും സംഘവും

single-img
21 December 2022

കഹ്താർ ലോകകപ്പിൽ അർജന്റീന ജേതാക്കളായതിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദവുമായി മന്ത്രവാദിനിയും സംഘവും . മഗാലി മാർട്ടിനെസ് എന്ന് പേരുള്ള ഒരു മന്ത്രവാദിനിയും സംഘവുമാണ് അവകാശ വാദം ഉന്നയിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ അർജൻറീന പരാജയപ്പെട്ട സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിനിറങ്ങുമ്പോൾ മെസിക്ക് ശാപബാധയുണ്ടായിരുന്നുവെന്നും പിന്നീട് താനും സംഘവും അവ നീക്കി മികച്ച പ്രകടനം നടത്താനും കിരീടം നേടാനും നീലപ്പടക്ക് അവസരമൊരുക്കിയെന്നുമാണ് മന്ത്രവാദിനിയുടെ അവകാശവാദം.

അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോർക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റീനയുടെ താരങ്ങളിലുള്ള നെഗറ്റീവ് ശക്തി നീക്കി, നല്ല ശക്തി നിറയ്ക്കുകയായിരുന്നു തങ്ങൾ ചെയ്തതെന്നും മന്ത്രവാദികൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

താരങ്ങളുടെ തലവേദന, തലകറക്കം, ഛർദ്ദി, പേശി വേദന എന്നിങ്ങനെ താരങ്ങളിലുള്ള എല്ലാ അസുഖങ്ങളെയും നീക്കിയെന്ന് വടക്കുപടിഞ്ഞാറൻ അർജന്റീനൻ നഗരത്തിൽ സ്ഥാപനം നടത്തുന്ന ഒരു മന്ത്രവാദിനിയും ഗ്രൂപ്പിന്റെ സ്ഥാപകയുമായ 23-കാരിയായ ആന്റണെല്ല സ്പാഡഫോറ പറഞ്ഞു. തങ്ങളുടെ ജോലി ഭാരം വിഭജിക്കാൻ, ഓരോ മത്സരത്തിനും മുമ്പായി മന്ത്രവാദിനികളെ ഗ്രൂപ്പുകളായി വിഭജിച്ചുവെന്നും ഓരോരുത്തരും ഒരു നിശ്ചിത കളിക്കാരനെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അവർ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയടക്കമുള്ള കളിക്കാരെ ശപിച്ചൊതുക്കാൻ ചിലർ ശ്രമിച്ചപ്പോൾ അത് തിരിച്ചടിക്കുമെന്നും അവരിൽ ഡാർക്ക് എൻടിറ്റിയുള്ളവരുണ്ടെന്നും സംഘത്തിന്റെ നേതാക്കൾ വ്യക്തമാക്കിയെന്നും വാർത്തയിൽ പറയുന്നു.

സൂപ്പർ താരമായ ലയണൽ മെസ്സി മൈതാനത്ത്‌ കുഴങ്ങിയപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് അറിയാമായിരുന്നുവെന്നും അമാനുഷിക ശാപം താരത്തിന് ഏറ്റിരുന്നുവെന്ന് മഗലി മാർട്ടിനെസിന് മനസ്സിലായെന്നും ഇതോടെ മന്ത്രവാദിനിയായ ഇവർ ജോലി തുടങ്ങിയെന്നും വാർത്തയിൽ പറഞ്ഞു. പിന്നാലെ മെസ്സിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാർത്ഥന തുടങ്ങിയെന്നും ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് അൽപം എണ്ണ ഒഴിച്ചപ്പോൾ അവ മധ്യഭാഗത്ത് ഊറിക്കൂടിയെന്നും ഇതോടെ ശാപമുണ്ടെന്ന് വ്യക്തമായെന്നും അവർ പറഞ്ഞു.

അതേസമയം, ഈ എണ്ണ ചിതറിക്കിടക്കുകയാണെങ്കിൽ, താരം സുരക്ഷിതനായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എണ്ണ പാത്രത്തിന്റെ മധ്യഭാഗത്ത് കാന്തം ആകർഷിച്ചത് പോലെ എത്തുകയായിരുന്നുവെന്നും ഇതോടെ താരത്തെ സുഖപ്പെടുത്താൻ തനിക്ക് മാത്രം കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ട്വിറ്ററിലൂടെ അർജന്റീനയിലുടനീളമുള്ള തന്റെ സഹ മന്ത്രവാദികളെ വിളിച്ചുവെന്നും മഗാലി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.