എകെജി സെന്ററിൽ മാറാല പിടിച്ച് കിടക്കുന്ന പരാതികൾ പോലീസിന് കൈമാറുമോ: വിഡി സതീശൻ

single-img
4 December 2025

രാഹുലിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയായ തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. സിപിഎമ്മിന് പണ്ട് മുതല്‍ക്കെ കിട്ടിയ പരാതികള്‍ പോലീസിന് കൈമാറി നടപടി എടുപ്പിക്കാന്‍ നിങ്ങള്‍ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊടിപിടിച്ചും മാറാല പിടിച്ചും നിരവധി പരാതികളുണ്ട്. കോണ്‍ഗ്രസിന്റെ നടപടി മാതൃകയാക്കി മാറാലപിടിച്ചു കിടക്കുന്ന പരാതികള്‍ ഇനിയെങ്കിലും പോലീസിന് കൈമാറിയാല്‍ നന്നായിരിക്കും. തങ്ങളെ ഉപദേശിക്കാന്‍ വേണ്ടി നടക്കുന്നവരോടുള്ള അഭ്യര്‍ത്ഥനയാണ്.

പോലീസ് എഫ്ഐആര്‍ ഇട്ടപ്പോള്‍ ആരോപണവിധേയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്ക് പുറത്തായ ആള്‍ രാജി വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാജ്യത്തോ സംസ്ഥാനത്തോ ഒരു പാര്‍ട്ടിയും ഇതുപോലൊരു തീരുമാനം എടുത്തിട്ടില്ല. ആ തീരുമാനത്തെ ചില മാധ്യമങ്ങള്‍ സൈഡ്‌ലൈന്‍ ചെയ്ത് സാങ്കേതികത്വത്തെ കുറിച്ച് പറയുകയാണ്- സതീശൻ പറഞ്ഞു.