എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കും; ജാഥയുടെ ലക്ഷ്യം തന്നെ അതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
23 February 2023

കേരളത്തിൽ യുഡിഎഫും ബിജെപിയും കൈകോർത്ത്‌ നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇന്ന് കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കുമെന്നും ജാഥയുടെ ലക്ഷ്യം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യുഡിഎഫ്‌, ബിജെപി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ്‌ അക്രമ സമരത്തിനും കലാപാഹ്വാനത്തിനും ഇരുപക്ഷവും മുതിരുന്നത്‌. ഇക്കൂട്ടർ സമരം നടത്തേണ്ടത്‌ ഒരു ലിറ്റർ പെട്രോളിന്‌ 20 രൂപ സെസ്‌ ചുമത്തിയ മോദി സർക്കാരിനെതിരെയാണ്‌.

രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കടം എഴുതി തള്ളാനാണ്‌ ഈ സെസ്‌ കേന്ദ്രം ഉപയോഗിക്കുന്നത്‌. ഈ അനീതിയെ ന്യായീകരിക്കുന്നവരാണ് പാവപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനായി ഉൾപ്പെടെ പിരിക്കുന്ന സെസിനെ എതിർക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
ഭരണരംഗം അഴിമതിമുക്തവും സുതാര്യവും ആക്കുകയെന്നത് പിണറായി സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്.പോലീസിലെ കുറ്റവാളികൾക്കതിരെ പിരിച്ച് വിടൽ ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.