മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ; എന്തിനാണ് 80 ലക്ഷത്തിന്റെ ഫ്ലൈറ്റ് യാത്ര: കെ സുധാകരൻ

single-img
31 August 2023

മുഖ്യമന്ത്രി പിണറായി വിജയൻറെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഇപ്പോൾ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുമ്പോൾ 80 ലക്ഷം രൂപ മുടക്കി ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ മുഖ്യമന്ത്രി ആരാണെന്ന് സുധാകരന്‍ ചോദിച്ചു.

കേരളം മുഴുവന്‍ വിറ്റാലും കടബാധ്യത തീർക്കാൻ ആകില്ല. ഈ അവസ്ഥയിൽ ഈ രീതിയിൽ പണം ചെലവഴിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേകത. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിന് വേണമോ എന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ. ഇതുപോലെയുള്ള ധൂർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണോ. ഇതിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്ന് കെ സുധാകരൻ ചോദിച്ചു. ഈ ധൂർത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സുധാകരൻ പറഞ്ഞു.

എന്തിനാണ് 80 ലക്ഷത്തിന്റെ ഫ്ലൈറ്റ് യാത്രയെന്നും ഇത്രയും സുരക്ഷ ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ, ബിജെപിയുടെ തണലിൽ മുഖ്യമന്ത്രി കൊള്ള നടത്തുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശത്തെ അനുകൂലിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.