മൃഗബലി ആരോപണത്തില്‍ ഡികെ ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

single-img
1 June 2024

കര്‍ണ്ണാടക സര്‍ക്കാരിന താഴെയിറക്കാനായി കേരളത്തിലെ ഒരു ക്ഷേത്ര പരിയരത്ത് വച്ച് മൃഗബലി നടന്നു എന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.

ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചതായും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഡി കെ ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണ്. ആരോപണം അന്വേഷിക്കുകയുണ്ടായി. രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയത്.

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്ന് പരിശോധിക്കണം. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല’, മന്ത്രി പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായി മൃഗബലി നടന്നുവെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.