പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ പോയി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
16 January 2024

കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ എറണാകുളം തോപ്പുംപടിയില്‍ കരിങ്കൊടി കാണിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കാറില്‍ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്കും അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും.

വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കാനിരുന്നത്. എന്നാല്‍, റോഡ് ഷോ വൈകുമെന്നാണ് നിലവിലെ സൂചന. അര മണിക്കൂര്‍ വൈകിയാവും റോഡ് ഷോ. നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. ഇതിന് ശേഷമാകും ഡല്‍ഹിയിലേക്ക് മടങ്ങുക.