എൻഡിഎയിൽ ചേരാൻ ഞങ്ങളെ പേപ്പട്ടി കടിച്ചിട്ടില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി കെസിആറിന്റെ മകൻ

single-img
3 October 2023

മകൻ കെടിആറിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്ന് കെ ചന്ദ്രശേഖർ റാവു തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശനത്തിന് മറുപടിയുമായി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവു രംഗത്തെത്തി.

ബിജെപി നയിക്കുന്ന എൻഡിഎയിൽ ചേരാൻ ഞങ്ങളെ പേപ്പട്ടി കടിച്ചിട്ടില്ലെന്നാണ് കെ ടി രാമറാവു പ്രതികരിച്ചത്. പ്രധാനമന്ത്രി മോദി പറയുന്നത് പച്ചക്കള്ളമാണ്. എല്ലാ പാർട്ടികളും എൻഡിഎ വിടുന്നതിലെ പരിഭ്രാന്തിയാണ് മോദിക്കെന്നും കെ ടി രാമറാവു പ്രതികരിച്ചു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാറ്റാൻ ബിആർഎസ്സിന് മോദിയുടെ എൻഒസി വേണ്ടെന്ന് പറഞ്ഞ കെ ടി രാമറാവു, രാജ്യത്തെ ഏറ്റവും വലിയ നുണ ഫാക്ടറി നടത്തുന്നത് ബിജെപിയാണെന്നും കുറ്റപ്പെടുത്തി. മോദി സിനിമയ്ക്ക് കഥ എഴുതാൻ പോകണം, ഇങ്ങനെ കഥ പറഞ്ഞാൽ ഓസ്കർ വരെ കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയിൽ എന്താ കുടുംബഭരണം ഇല്ലേ എന്നും കെടിആർ ചോദിച്ചു.