കേന്ദ്രസംഘം പരിശോധന നടത്തി; വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി

single-img
15 September 2023

കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി പരിശോധന നടത്തിയ പിന്നാലെയാണ് വവ്വാലുകളെ പിടിക്കാൻ തീരുമാനമായത്.

കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക. മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ കേന്ദ്രസംഘം നോക്കിക്കണ്ടു. മുഹമ്മദലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.