തന്റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌താൽ നിയമ നടപടി; മുന്നറിയിപ്പുമായി രജനികാന്ത്

single-img
29 January 2023

രാജ്യത്ത് തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് രജനീകാന്ത്. ഇനിമുതൽ ഇത്തരത്തിലുള്ള ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസില്‍ രജനികാന്ത് വ്യക്തമാക്കി.

ഇവിടെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഒരു നടനെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് നോട്ടീസിന്റെ കാതല്‍. രജനികാന്തിന്റെ അഭിഭാഷകന്‍ എസ് ഇളംഭാരതിയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

“ഇന്ത്യന്‍ സിനിമയില്‍ വളരെയധികം ആഘോഷിക്കപ്പെടുന്ന, വിജയംവരിച്ച അഭിനേതാക്കളില്‍ ഒരാളാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത്. ഏതാനും പതിറ്റാണ്ടുകളായി പല ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഖ്യാതി വലുതാണ്. നടനെന്നും മനുഷ്യനെന്നും നിലയിലുള്ള വ്യക്തിപ്രഭാവം കൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്.

എന്നാൽ ഈ ഖ്യാതിക്ക് സംഭവിക്കുന്ന ഇടിവ് എന്റെ കക്ഷിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. രജനികാന്തിന്റെ പേര്, ശബ്ദം, ചിത്രം, കാരിക്കേച്ചര്‍ തുടങ്ങിയവയൊക്കെ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഉത്പാദകര്‍ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള അത്തരം ഉപയോഗം വഞ്ചനയായാണ് പരിഗണിക്കപ്പെടുക”. തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ് സാധിക്കുകയെന്നും മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു.