സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകും; തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ‘തായ് മാമൻ ഗോൾഡ് സ്കീം’

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകാൻ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന സർക്കാർ തീരുമാനിച്ചു. ‘തായ് മാമൻ ഗോൾഡ് സ്കീം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ്ണത്തിന്റെ മോതിരം ലഭിക്കും. ഈ പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ജൂൺ 22, 2026-ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 15-ന് അണ്ണാദുരൈയുടെ ജന്മവാർഷിക ദിനത്തിൽ നടക്കും. സർക്കാർ ആശുപത്രികളിൽ പ്രവേശിക്കുന്ന ഗർഭിണികൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖ സമർപ്പിച്ച് ഈ ആനുകൂല്യം സ്വന്തമാക്കാവുന്നതാണ്. പ്രതിവർഷം 4.2 ലക്ഷത്തോളം പ്രസവങ്ങൾ നടക്കുന്ന തമിഴ്‌നാട്ടിൽ ഇതിനായുള്ള ടെൻഡർ നടപടികൾ കോർപ്പറേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
തമിഴ് സംസ്കാരത്തിൽ അമ്മയുടെ സഹോദരൻ കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകുന്ന ‘തായ് മാമൻ സീർ’ എന്ന ആചാരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും മാമനായി താൻ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ മുഖ്യമന്ത്രി വിജയ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ടിവികെ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് സർക്കാർ അധികാരത്തിലേറിയതോടെ നടപ്പിലാക്കുകയാണ്.


