‘ട്രംപിന്റെ കൈയിലെ കളിപ്പാവയാണ് മോദി’; 2029ൽ അധികാരമാറ്റമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ

എസ്.ഐ.ആർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധം. ‘ജന്തർ മന്തർ @ കൊച്ചി’ എന്ന പേരിൽ രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ മോദിയുടെ ഭയമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങുകയും രാജ്യത്തെ വിൽക്കുകയും ചെയ്തത് മോദിയാണെന്നും എന്നാൽ കോക്രോച്ച് ജനതാ പാർട്ടിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്നാണ് ഇപ്പോൾ ആരോപിക്കുന്നതെന്നും ദീപ്കെ വിമർശിച്ചു.
ആര് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നെഹ്റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്രകാലം ഭരിച്ചാലും നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധങ്ങളോടുള്ള സർക്കാർ സമീപനം പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029ലെ തിരഞ്ഞെടുപ്പിലൂടെ മോദി അധികാരത്തിൽനിന്ന് പുറത്താകുമെന്നും രാജ്യത്ത് അധികാരമാറ്റം ഉണ്ടാകുമെന്നും ദീപ്കെ അവകാശപ്പെട്ടു.
ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. ഭഗത് സിങ്ങിനെപ്പോലെ പോരാടുമെന്നും ഈ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവാക്കൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഭാഗമല്ലെന്നും പാർലമെന്റിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഇത് പ്രതിഷേധത്തിന്റെ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.


