ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരും; പഴയ അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്

single-img
31 October 2026

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തരവകുപ്പിന്റെ തീരുമാനം. കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് പഴയ അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉത്തരവിട്ടത്. ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.

കെ.എസ്.ടി.പി.യുടെ എം.സി. റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു എൻജിനീയറുടെ ആത്മഹത്യയെ തുടർന്നുയർന്ന ആരോപണങ്ങളിലാണ് നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. എന്നാൽ അഴിമതിക്ക് തെളിവുകളില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് അന്ന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എം.സി. റോഡ് വികസനവുമായി ബന്ധപ്പെട്ട് പതി-ബെൽ കമ്പനിയുടെ പ്രോജക്ട് മാനേജർ ലീ സീ ബീൻ ആത്മഹത്യ ചെയ്ത സംഭവവും വീണ്ടും പരിശോധിക്കും.

വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറോട് നിയമോപദേശം തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. നിയമോപദേശം ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തുന്നതിൽ തീരുമാനമെടുക്കും.

വി.ഒ. സാജൻ നൽകിയ കൈക്കൂലി ആരോപണത്തിലും അന്വേഷണം നടക്കും. ഈ പരാതി നിലവിൽ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് കൈമാറാനാണ് തീരുമാനം.