സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്

single-img
31 October 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയെന്നാരോപിച്ചാണ് നടപടി. സമരസമിതി സെക്രട്ടറി വളർമതിയെ ഒന്നാം പ്രതിയാക്കി തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കണ്ടോൺമെന്റ് പൊലീസ് കേസെടുത്തു.

സെക്രട്ടേറിയറ്റിന് മുന്നിൽ 116 ദിവസമായി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തുടരുകയാണ്. ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സമയം നൽകിയിട്ടും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തങ്ങളെ അവഗണിച്ചെന്നാണ് സമരക്കാരുടെ ആരോപണം. ഇതിന് പിന്നാലെ സമരസമിതി നേതാവ് വളർമതി രണ്ടാം തവണയും നിരാഹാരസമരം ആരംഭിച്ചു. സമരം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ കേസെടുത്ത് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

സർക്കാരിന്റെ കൈയിൽ അധ്യാപക ഒഴിവുകളെക്കുറിച്ച് കൃത്യമായ കണക്കുകളില്ലെന്ന് വളർമതി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡിവിഷൻ കുറവുമൂലം പുറത്തുനിൽക്കുന്ന അധ്യാപകരുടെ എണ്ണം, വിരമിക്കൽ, എച്ച്‌ടിവി തസ്തികകളിലെ ഒഴിവുകൾ എന്നിവ സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ അവർ സർക്കാരിനെ വെല്ലുവിളിച്ചു. നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുപോലും വിദ്യാഭ്യാസമന്ത്രിക്ക് വ്യക്തമായ കണക്ക് നൽകാനായില്ലെന്നും സമരസമിതി ആരോപിച്ചു.