വ്യാജരേഖ കേസിൽ വിദ്യയാണ് തെറ്റ് ചെയ്തത്; അക്ഷന്തവ്യമായ തെറ്റാണ്: മന്ത്രി ആർ ബിന്ദു

single-img
8 June 2023

എറണാകുളം മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജ് എൻഐആർഎഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയം. അതിന്റെ സത്പേരിന് കളങ്കം വരരുത്. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നത്.

ഈ കാര്യം മാധ്യമപ്രവർത്തകർ തന്നെ പറഞ്ഞു. ആർഷോയുടെ പേര് എങ്ങിനെ ജൂനിയർ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പരിശോധിക്കണം. അയാൾക്ക് പങ്കില്ലാത്ത കാര്യത്തിൽ അയാളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആർഷോയുടെ മാർക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. അക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ഒരു ചെറുപ്പക്കാരൻ ഒട്ടും തെറ്റ് ചെയ്യാതെ ഇങ്ങനെ ചിത്രീകരിക്കുന്നത് മോശമാണ്. സർക്കാർ തലത്തിൽ അക്കാര്യത്തിൽ അന്വേഷണം നടത്തും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് പൊതുവിൽ ഒരു കീർത്തിയുണ്ട്. അതിനാലാണ് മഹാരാജാസ് കോളേജ് സേവനം തുടർന്നതെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേപോലെ തന്നെ, മഹാരാജാസ് കോളേജോ പ്രിൻസിപ്പലോ വ്യാജരേഖ കേസിൽ കുറ്റക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയാണ് തെറ്റ് ചെയ്തത്. അക്ഷന്തവ്യമായ തെറ്റാണ്. പൊലീസ് അന്വേഷണം ആ സംഭവത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണ് വിദ്യ. അങ്ങിനെയൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ അത് നിക്ഷിപ്തമാണ്.

ഞാൻ ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയത്തിൽ വൈസ് ചാൻസലറെ വിളിച്ചിരുന്നു. സിന്റിക്കേറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അക്കാര്യം അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കുന്നുണ്ട്. കാലടി സർവകലാശാലയോട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.