ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിന്‌ ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 September 2022

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ കേരളത്തിൽ നേതൃത്വം നൽകുന്നത്‌ സിപിഎം ആയിരിക്കും എന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്‌ ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നല്ല വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

“നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽഡിഎഫ്‌ നേടുന്ന സീറ്റ്‌ വലിയ കരുത്താകും. രാജ്യത്ത് ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്‌. ഭരണ സംവിധാനങ്ങളെ വർഗീയത ഗ്രസിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്‌എസ്‌ പിടിമുറുക്കി. ആർഎസ്‌എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്‌ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്‌ അവർ. ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം.”- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

എൽഡിഎഫ്‌ അടിത്തറ വിപുലീകരിക്കുകയെന്നാൽ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരികയെന്നല്ല. ജനപിന്തുണ വർധിപ്പിക്കുക എന്നതാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ലെന്നും ആ പാർടികളിൽ പ്രവർത്തിക്കുന്നവരെക്കൂടി എൽഡിഎഫിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. കേരള മോഡലെന്നത്‌ അർഥവത്താക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.