നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ രാജിവെക്കുന്നത് വരെ സമരം ചെയ്യുമെന്ന് വി ഡി സതീശൻ
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യ രാജിവെക്കുന്നത് വരെ സമരം ചെയ്യുമെന്ന് വി ഡി സതീശൻ പറഞ്ഞു .
ഒരിക്കലും ദിവ്യ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം. എല്ലാവർക്കും നല്ല അഭിപ്രായമുള്ള ആളാണ് നവീൻ ബാബു. ക്ഷണിച്ചാൽ മാത്രമേ യോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കാറുള്ളൂ. തികച്ചും ആഭ്യന്തര യോഗത്തിലാണ് ക്ഷണിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കയറിയത്.
വളരെ ആസൂത്രണം ചെയ്തുള്ള ഒരു പ്രസംഗമായിരുന്നു നടന്നത്. അഭിമാനിയായതു കൊണ്ട് നവീൻ ആത്മഹത്യ ചെയ്തു. അഴിമതിക്കാരനാണെങ്കിൽ ഇതെല്ലാം ചിരിച്ചു തള്ളിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേപോലെ തന്നെ, നവീൻ ബാബുവിന്റെ ആത്മഹത്യയിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ല.
ചടങ്ങിൽ നിന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കലക്ടർ ഇറക്കി വിടണമായിരുന്നു. ഔദ്യോഗിക പരിപാടിയാണെന്ന് കലക്ടർ പറയണമായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയല്ല, യോഗത്തിൽ പങ്കെടുത്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. വിഷയത്തിൽ കണ്ണൂർ കളക്ടറുടെ ഇടപെടലും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.