എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല: വി.ഡി.സതീശന്‍

single-img
13 November 2022

സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നും, വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നുമാണ് വി.ഡി.സതീശന്‍ പറഞ്ഞത്.

മറ്റാരുടെയും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ആരോടും അകല്‍ച്ചയില്ലെന്നാണ് നിലപാട്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുതെന്നാണ് പറഞ്ഞത്. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. പ്രസ്താവന സതീശൻ തിരുത്തിയില്ലെങ്കിൽ അത് സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും സുകുമാരൻ നായർ പറവൂരിൽ പറഞ്ഞിരുന്നു.