ബ്രഹ്മപുരം; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി വി ഡി സതീശൻ

single-img
23 March 2023

കൊച്ചി കോർപ്പറേഷനും സോൺടയും തമ്മിൽ മാലിന്യം നീക്കം ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ 32 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

പ്രളയത്തിനുശേഷം 2019ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലൻഡ് സന്ദർശിച്ചപ്പോൾ സോൺട കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ?

കേരളത്തിലെ വിവിധ കോർ‌പ്പറേഷനുകളിൽ ബയോ മൈനിംഗ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോൺട കമ്പനിയ്ക്ക് ലഭിച്ചതെങ്ങനെ?

സി പി എം നേതൃത്വം നൽകുന്ന കൊല്ലം, കണ്ണൂർ കോ‌ർപ്പറേഷനുകളിൽ സോൺട കമ്പനിയ്ക്ക് യാതൊരുവിധ മുൻ പരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ്
ടു എനർജി കരാറടക്കം നൽകാൻ തീരുമാനിക്കുകയും ചെയ്തത് എന്തുകൊണ്ട്?

സോൺടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ മറുപടി ഉണ്ടോ?

ബ്രഹ്മപുരത്ത് ബയോ മൈനിംഗിനായി കരാർ നൽകിയ സോൺട കമ്പനി ഗുരുതര വീഴ്‌ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തത് എന്തുകൊണ്ട്?

കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോൺട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപ്പറേഷനോ അറിഞ്ഞോ?

കരാർ പ്രകാരം കമ്പനി പ്രവർത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും സോൺട കമ്പനിയ്ക്ക് നോട്ടീസ് നൽകുന്നതിന് പകരം ഏഴ് കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും പിന്നീട് നാല് കോടി രൂപയും അനുവദിച്ചത് എന്തിന്? ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് വി ഡി സതീശൻ ഉന്നയിച്ച ചോദ്യങ്ങൾ.