റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി

single-img
24 September 2022

ഉത്തരാഖണ്ഡില്‍ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ഇതിന്റെ പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു.

ശക്തമായ ജനകീയ പ്രതിഷേധത്തിൽ സംഭവത്തില്‍ നടപടി സ്വീകരിച്ച ബിജെപി നേതൃത്വം വിനോദ് ആര്യയെയും മകന്‍ അങ്കിതിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളായ അങ്കിതയാണ് കൊല്ലപ്പെട്ടത്.

പോലീസ് അന്വേഷണത്തിൽ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. പുല്‍കിതിന്റെ ഉടമസ്ഥതയിലായിരുന്നു പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ട്‌ പ്രവർത്തിച്ചിരുന്നത്. ഇവിടെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്.

റിസോര്‍ട്ടില്‍ അതിഥികളായി എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയെ കാണാതായതായി പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും പരാതി നൽകിയതോടെ നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടിരുന്നു.