കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു
തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. തിരുവനന്തപുരത്തെ കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. നാളെ രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക.
തുടർന്ന് വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. അതിനുപിന്നാലെ തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക. നേരത്തെ ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു.