ഏകത്വവും സമത്വവും ഒന്നല്ല; വര്‍ഗീയ അജണ്ടയാണ് ഏകീകൃത സിവിൽ കോഡ് ഉയര്‍ത്തുന്നത്: സീതാറാം യെച്ചൂരി

single-img
15 July 2023

രാജ്യത്ത് ബഹുസ്വരത എന്നും നിലനിര്‍ത്തണമെന്നും വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോ‍ഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുസിസി എന്നത് ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ അജണ്ടയാണ് യുസിസി ഉയര്‍ത്തുന്നത്. ഏകത്വവും സമത്വവും ഒന്നല്ല. പരിഷ്കരണങ്ങള്‍ നടപ്പാക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകള്‍ അനുസ്മരിക്കണമെന്നുംവ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ക‍ഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് യുസിസി ഇപ്പോള്‍ നടപ്പാക്കുന്നതിന് എതിരാണെന്നും യെച്ചൂരി വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സപിഐഎം സമത്വത്തെ പിന്തുണയ്ക്കുന്നു, എന്നാലർത് ജനാധിപത്യപരമാകണം. വിവിധ വിഭാഗങ്ങള്‍ക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.